കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ അദ്ധ്യാപകമേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും..... *കേരളത്തില്‍ 17,500അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും.....
*6000 എച്ച്.എം പോസ്റ്റ് ഇല്ലാതാവും....
*ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നിയമം ബുദ്ധിമുട്ടുണ്ടാക്കും.....
*ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ്സുവേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ 13,000 എല്‍.പി.സ്കൂള്‍ അദ്ധ്യാപകര്‍ പുറത്തുപോകേണ്ടതായി വരും.......
*കേരളത്തില്‍ പ്ലസ്ടുവരെ സൗജന്യവിദ്യാഭ്യാസം....
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തില്‍ 6 വയസ്സുമുതല്‍ 14 വരെ സൗജന്യം (1ക്ലാസ്സുമുതല്‍ 8 വരെ)...
*പ്രീപ്രൈമറി വിദ്യാഭ്യാസത്തേപ്പറ്റി നിയമം മൗനം പാലിക്കുന്നു....
*നിയമത്തില്‍ പഴുതുകളേറെ....
*നിയമം പൊതുവിദ്യാഭ്യാസത്തിനു ഭീഷണി....
*പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ അവസ്ഥയിലാകും....
*1957 ലെ ഇ.എം.എസ് മന്ത്രിസഭ കേരളത്തില്‍ സെക്കന്ററി വിദ്യാഭ്യാസം വരെ സൗജന്യമാക്കി
*കേന്ദ്രസര്‍ക്കാര്‍ എലിമെന്ററിവിദ്യാഭ്യാസം മാത്രം സൗജന്യമാക്കിയത് അരനൂറ്റാണ്ടിനുശേഷം !

നമ്മുടെ അദ്ധ്യാപകര്‍ മാനസികമായി ഉയരേണ്ടതുണ്ടോ?
        ഗുരു 'എന്ന സംസ്കൃത ശബ്ദത്തിന്റെ അര്‍ത്ഥം ഇരുട്ടിനെ അകറ്റുന്നവന്‍ എന്നാണ്. ഇരുട്ടിനെ അകറ്റാന്‍ കഴിയുന്നത് വിളക്കിനാണ്. അതായത് കുട്ടിയുടെ മനസ്സിലെ അന്ധകാരത്തെ അകറ്റാന്‍ കഴിയുന്ന ആളായിരിക്കണം അദ്ധ്യാപകന്‍. മറ്റൊരര്‍ത്ഥത്തില്‍ സ്വയം വെളിച്ചമാകാന്‍ അദ്ധ്യാപകന്  കഴിയണം. ഇന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകര്‍ക്കും അതിനുകഴിയുന്നുണ്ടോ? ഈ അദ്ധ്യന വര്‍ഷം ഇവിടെ അവസാനിക്കുമ്പോള്‍ ഓരോ അദ്ധ്യാപകനും സ്വയം വിമര്‍ശനപരമായി കാണേണ്ട ഒന്നാണിത്. ഒരു സാധാരണ വ്യക്തിയില്‍ നിന്നും അദ്ധ്യാപകനെ വേറിട്ടു നിര്‍ത്തുന്നത്  മൂല്യബോധമുള്ള ഒരു സമൂഹത്തിന്റെ  സൃഷ്ടിക്കുവേണ്ടി പണിപ്പെടുന്ന ഒരാള്‍ എന്ന നിലയിലാണ്.  ആ ബഹുമാനം എന്നും നല്‍കാന്‍ സമൂഹം  ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ നാള്‍ക്കുനാള്‍ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായി അദ്ധ്യാപകരും മാറിയിരിക്കുന്നുവെന്നത് ഭാവിസമൂഹത്തിന് സംഭവിക്കാനിരിക്കുന്ന ഒരു മഹാദുരന്തത്തിന്റെ സൂചനയായിവേണം  കാണാന്‍.
                     ഈ സമൂഹം മുന്പ് എന്നത്തേക്കാളും മലീമസമായിക്കൊണ്ടിരിക്കുന്നു. മൂല്യങ്ങള്‍ മിക്കതും കൈമോശം വന്നിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് അദ്ധ്യാപകനെങ്കിലും സ്വയം അഗ്നിശുദ്ധി വരുത്തി തന്നിലേല്‍പ്പിച്ച ദൗത്യത്തെ ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കാന്‍ അദ്ധ്യാപകന്‍ ബാദ്ധ്യസ്ഥനാണ്. ഇത് അദ്ധ്യാപകരില്‍ മിക്കവരും ചിന്തിക്കാറില്ല.  ഇന്ന് മദ്യപാനിയുടേയും സദാചാരവിരുദ്ധന്റേയും റോള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന  അദ്ധ്യാപകരില്ലേ? ഇവരെങ്ങനെ മൂല്യബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കും?
                    താന്‍ ചെയ്യുന്ന ജോലിയുടെ മഹനീയത ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ധ്യാപകനു കഴിയണം. പലപ്പോഴും അതിനുകഴിയുന്നില്ല എന്നതല്ലേ വാസ്തവം. ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ തന്നെ എല്‍പ്പിച്ച ദൗത്യം സമര്‍പ്പണബുദ്ധിയോടെ ചെയ്യാന്‍ കഴിയണം. ചെയ്യുന്ന ജോലിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളാനും കഴിയണം. മിക്കവര്‍ക്കും അതിനു കഴിയാറുണ്ടോ? അദ്ധ്യാപകനുതന്നെ തന്റെ ജോലിയോട് പ്രതിബദ്ധതയോ വിശ്വാസമോ ഇല്ലാതിരിക്കുക,  അതല്ലേ സ്വന്തം കുട്ടികളെ അണ്‍ എയ്ഡ‍‍ഡ് സ്കൂളിലേക്ക് പറഞ്ഞയക്കുന്ന അദ്ധ്യാപകര്‍ ചെയ്യുന്നത്. ആത്മാര്‍ത്ഥമായി തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു അദ്ധ്യാപികയ്ക്ക് ഒരിക്കലും താന്‍ കൈകാര്യം ചെയ്യുന്ന പാഠപുസ്തകമോ സിലബസ്സോ മോശമാണെന്ന് പറയാന്‍ കഴിയില്ല. സ്വന്തം കഴിവുകേടിനോ അറിവില്ലായ്മയ്കോ മറയിടാന്‍ വേണ്ടി മാത്രമാണ്  സിലബസ്സിനേയോ പാഠപുസ്തകത്തേയോ കുറ്റം പറയുന്നത്. ഇവരുടെ അദ്ധ്യാപനത്തെ വിലയിരുത്തിയാല്‍ ശരാശരി അദ്ധ്യാപക മികവിനപ്പുറത്തേക്ക്  ഇവര്‍  പോകില്ല എന്നു നിസ്സംശയം പറയാനാകും.  കാരണം ആത്മാര്‍ത്ഥതയോടെ തന്റെ ജോലിചെയ്യാനവര്‍ക്ക് ആയിട്ടില്ല. അതുകൊണ്ടുതന്നെ പാഠപുസ്തകത്തിന്റെ സാദ്ധ്യതകളെ കുട്ടികള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്താനുമായിട്ടില്ല. അതിനുള്ള സന്നദ്ധത ആ അദ്ധ്യാപികയ്ക്കുണ്ടാവില്ല. ഇങ്ങനെയുള്ള അദ്ധ്യാപകരാണ് പൊതുവിദ്യാഭ്യാസത്തെ സമൂഹത്തിനുമുന്നില്‍ വിലയിടിച്ചു കാണിക്കുന്നതു്. ഈ അദ്ധ്യാപകര്‍ പൊതുവിദ്യാഭ്യാസമേഖലയ്ക്കുതന്നെ ബാദ്ധ്യതയായി മാറുന്നു.
                                                       ചില അദ്ധ്യാപകരുണ്ട്  സ്വയം മികച്ചവരെന്നു കരുതുന്നവരാണവര്‍. കുട്ടികളെ ഭീഷണിപ്പെടുത്തി പാഠഭാഗങ്ങള്‍ കാണാതെ പഠിപ്പിക്കുക,താന്‍ മികച്ചതാണെന്നു കാണിക്കാന്‍ മൂല്യനിര്‍ണ്ണയത്തില്‍ ശരിയായ വിലയിരുത്തലില്ലാതെ മികച്ച ഗ്രേഡുകള്‍ നല്‍കുക ഇങ്ങനെയാണവര്‍ തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നത്. ശരിക്കും ഇത്തരക്കാര്‍ പൊതുവിദ്യാഭ്യാസമേഖലയോടെന്നല്ല വിദ്യാര്‍ത്ഥികളോടു തന്നെ ചെയ്യുന്ന കൊടും വഞ്ചനയാണ് . ഇതിനെയൊക്കെ ചിലതലങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുമുണ്ട് എന്നതാണ് വാസ്തവം.  ചില അണ്‍ എയ്‍‍‍ഡഡ് സ്കൂളുകളില്‍ പതിവായ ഈ രീതികള്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ ആവേശിക്കപ്പെടുന്നത്  ആശ്വാസ്യകരമല്ല.
                                            
                                               മറ്റുചില അദ്ധ്യാപകരേപ്പറ്റിക്കൂടി പറയാതെ തരമില്ല. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതാണ് മികച്ച അദ്ധ്യാപകന്റെ ലക്ഷണമെന്നു തെറ്റിദ്ധരിച്ചവരാണിവര്‍. കുട്ടികള്‍ക്ക് എന്തുമനസ്സിലായി എന്നത് അവര്‍ക്കൊരു പ്രശ്നമല്ല. പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ത്തിട്ട്  എവറസ്റ്റ് കീഴടക്കിയവനേപ്പോലെ ഒരു ജേതാവിന്റെ ഭാവത്തില്‍ നില്‍ക്കുന്ന ഇത്തരക്കാരേപ്പറ്റി പലരും മതിപ്പോടെ സംസാരിക്കുമ്പോള്‍ വിദ്യാഭ്യാസം ആര്‍ക്കുവേണ്ടി അല്ലെങ്കില്‍ എന്തിനുവേണ്ടിയെന്ന് തിരിച്ചറിയാത്ത ഒരാളെ നാം കണ്ടുമുട്ടി എന്നുമാത്രം കരുതിയാല്‍ മതി.( തുടരും...)

No comments:

Post a Comment