നാം ആര്‍ക്കുവേണ്ടി പഠിപ്പിക്കണം?
മൂല്യശോഷണം അദ്ധ്യാപക സമൂഹത്തെ ഏതൊക്കെ തരത്തില്‍ ബാധിച്ചിരിക്കുന്നുവെന്നറിയാന്‍ നാം നമ്മുടെ വിദ്യാലയങ്ങളിലേക്ക് ഇറങ്ങിചെല്ലുക. സ്വന്തം കുട്ടികളെ അവര്‍തന്നെ മികച്ച വിദ്യാലയങ്ങളെന്നു വിളിക്കുന്ന അണ്‍എയ്ഡഡ് സ്കൂളിലേക്ക് വിട്ടിട്ടാകും രാവിലെ മിക്ക അദ്ധ്യാപകരും വിദ്യാലയത്തില്‍ എത്തിയിട്ടുണ്ടാവുക. സ്വന്തം മക്കളെ അണ്‍ എയ്ഡഡ് സ്കൂളില്‍ വിട്ടിട്ട് കുട്ടികളെ പിടിക്കാന്‍ നെട്ടോട്ടമോടുന്ന അണ്‍ എക്കണോമിക് സ്കൂളിലെ ഒരു ഹെഡ് മാസ്റ്ററെ ഈ ലേഖകനറിയാം. നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളില്‍ 95 ശതമാനത്തിലധികം പഠിക്കുന്നത് അണ്‍ എയ്ഡഡ് സ്കൂളിലാണെന്നതാണ് വാസ്തവം. ഇതിനൊരു കാരണം ഞങ്ങള്‍ സര്‍ക്കാരിന്റെ സ്വന്തം ആളുകളായതുകൊണ്ട് കുട്ടികള്‍ കുറഞ്ഞാലും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിക്കില്ലെന്ന അഹങ്കാരം തന്നെയാണ്. എന്നാല്‍ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ കുട്ടികളില്‍ 80 ശതമാനവും സ്വന്തം സ്കൂളില്‍ തന്നെയാകും. ഇതില്‍ മിക്കവരും കുട്ടികളെ ഇവിടേക്ക് വിടുന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള താല്‍പര്യം കൊണ്ടല്ല, സ്വന്തം ജോലിനഷ്ടമാകുമെന്ന ആശങ്കകൊണ്ടുമാത്രമാണ്. മക്കളെ അണ്‍എയ്ഡഡ് സ്കൂളില്‍ വിടുന്ന അദ്ധ്യാപകരെ നിരീക്ഷിച്ചാല്‍ വളരെ വ്യക്തമാകുന്ന കാര്യമുണ്ട്. ഇവര്‍ കുട്ടികള്‍ക്കുവേണ്ടി വളരെയൊന്നും ചെയ്യാന്‍ തയ്യാറാകുന്നില്ല എന്നതാണ്. അവര്‍ക്ക് ഒന്നിനും സമയമില്ല. വീട്ടില്‍ ചെന്നാല്‍ അണ്‍ എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന സ്വന്തം കുട്ടിയുടെ പിടിപ്പത് ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കണം , കൂടാതെ പ്രോജക്ടിനുവേണ്ട വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും പരതിയെടുക്കണം ,എഴുതാന്‍ സഹായിക്കണം ഇങ്ങനെ എത്രയെത്ര തിരക്കുകള്‍ ! ഇതിനിടയില്‍ സ്വന്തം സ്കൂളിലെ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ക്ക് എവിടെ സമയം?നാട്ടുകാരുടെ മക്കള്‍ നന്നായിട്ട് എനിക്കെന്തു കാര്യമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. വാങ്ങുന്ന വലിയശമ്പളം ആരുടെ പണമാണെന്നും എന്തിനാണ് അത് തരുന്നതെന്നും കൂടി അവര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
പണ്ടൊക്കെ ഒരു അദ്ധ്യാപകന് തന്റെ കുട്ടിയെന്നു പറഞ്ഞാല്‍ താന്‍ പഠിപ്പിക്കുന്ന കുട്ടിയെന്നായിരുന്നു. ഇന്ന് സ്വന്തം കുട്ടിയെന്നാല്‍ സ്വന്തം മകനോ മകളോ എന്നായിരിക്കുന്നു. അപൂര്‍വ്വം അദ്ധ്യപകരെ ഇതിന് അപവാദമായിട്ടുള്ളു. സ്വാര്‍ത്ഥത അത്രമാത്രം അദ്ധ്യാപകനേയും ബാധിച്ചിരിക്കുന്നു. ചിലരുടെ സ്വാര്‍ത്ഥത പരിധിപോലും ലംഘിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലാതില്ല. എന്റെ കുട്ടിക്ക് സമ്മാനം കിട്ടാന്‍വേണ്ടി ഏതറ്റം വരെ പോകാനും മടിക്കാത്ത അദ്ധ്യാപരുണ്ട്. ഇത് ശരിയല്ല. അദ്ധ്യാപകവൃത്തിയുടെ മഹനീയത നഷ്ടപ്പെടുത്തുന്ന കുറേപ്പേര്‍ ഇത്തരത്തിലുണ്ട്. സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ഇവര്‍ പരിഹാസ്യരായിത്തീരുന്നു. കലോത്സവത്തിലും മറ്റും സ്വന്തം മകനോ മകള്‍ക്കോവേണ്ടി ബഹളം വെയ്ക്കുന്ന അദ്ധ്യാപക രക്ഷാകര്‍ത്താവിനെ കാണാനാവും. എന്നാല്‍ ഇതേ ആവേശം സ്വന്തം സ്കൂളിലെ കുട്ടികള്‍ക്കുവേണ്ടി കാണിക്കാറുമില്ല!?എന്തൊരു വിരോധാഭാസം .
മറ്റൊരു കൂട്ടരുണ്ട്. അദ്ധ്യാപനമെന്നാല്‍ പാഠപുസ്തകം പഠിപ്പിച്ച് തീര്‍ക്കലാണെന്ന് ധരിച്ചവരാണിവര്‍. വിദ്യാഭ്യാസത്തിലൂടെ കുട്ടിയുടെ സമഗ്രമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇത് ഇക്കൂട്ടര്‍ക്കുമറിയാം . എന്നാല്‍ അതൊന്നുമത് അറിയില്ലെന്നു നടിക്കും. ഇത്തരക്കാര്‍ ഉറക്കം നടിക്കുന്നവരാണ്. ഇവരെ ഉണര്‍ത്താനാവില്ല .ഇവര്‍ പാഠപുസ്തകം പഠിപ്പിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യാന്‍ തയ്യാറാകില്ല. ഇതൊക്കെയറിയാവുന്ന ഹെഡ് മാസ്റ്റര്‍ ആവശ്യപ്പെട്ടാലോ ഇതിനൊന്നും സമയമില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കും. എന്നാല്‍ സ്വന്തം മക്കളുടെ കാര്യത്തില്‍ ഇവര്‍ സദാ ജാഗരൂകരായിരിക്കും.
ശരിക്കും പറഞ്ഞാല്‍ ഇവരെയെല്ലാം വിളിച്ചുകൂട്ടി ആരാണ് അദ്ധ്യാപകനെന്നും ഇവരുടെ കടമയെന്തെന്നും പഠിപ്പിക്കേണ്ടിയിരിക്കുന്നു.ഇതാണ് വിദ്യാഭ്യാസവകുപ്പ് ആദ്യം ചെയ്യേണ്ടത്.
No comments:
Post a Comment